തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് കൊലപാതകത്തിൽ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും പ്രതിചേർത്തു. തെളിവുകൾ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധുവിനേയും അമ്മാവൻ നിർമൽ കുമാറിനേയും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു.
ഷാരോണിന് കഷായത്തിൽ വിഷം കലർത്തി നൽകിയ കാര്യം ഗ്രീഷ്മ അമ്മയോടും അമ്മാവനോടും പറഞ്ഞിരുന്നതായാണ് വിവരം. തുടർന്ന് കഷായ പാത്രമടക്കമുള്ള തെളിവുകൾ നശിപ്പിച്ചു. വീടിനടുത്തുള്ള കാട്ടിൽ ഇവ ഉപേക്ഷിച്ചുവെന്നാണ് സിന്ധും നിർമൽ കുമാറും പൊലീസിന് നൽകിയ മൊഴി. സംഭവം നടന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഗ്രീഷ്മ വിഷം നൽകിയ കാര്യം പറയുന്നത്.
ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയിരുന്നു. മജിസ്ട്രേറ്റ് മെഡിക്കൽ കോളേജിൽ എത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തത്.
ഒരു വർഷമായി ഷാരോണും ഗ്രീഷ്മയും തമ്മിൽ അടുപ്പത്തിലായിരുന്നു. ബന്ധത്തിൽ നിന്നും പിന്മാറാൻ ഷാരോൺ തയ്യാറാകാത്തതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്നാണ് ഗ്രീഷ്മ നൽകിയ മൊഴി. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ ഗ്രീഷ്മയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചു. ഇതോടെ ബന്ധം കൂടുതൽ വഷളായി. ബന്ധത്തിൽ നിന്ന് പിന്മാറാൻ ഷാരോണിനോട് പലകുറി പലരീതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാത്തതിനെ തുടർന്നാണ് ഷാരോണിനെ ഒഴിവാക്കാൻ കടുംകൈ ചെയ്തതെന്നാണ് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
Comments
Post a Comment