ഇസുദൻ ഗ‍ദ‍്‍വി ഗുജറാത്ത് എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി; ടെലിവിഷനിലെ ജനപ്രിയമുഖം; കർഷകരുടെ നായകൻ

 

ഗുജറാത്തിലെ ഏറ്റവും പ്രശസ്തനായ ദൃശ്യമാധ്യമ പ്രവർത്തകരിൽ ഒരാളാണ് ഗ‍ദ‍്‍വി. അവതരണ മികവ് കൊണ്ട് അദ്ദേഹത്തിന്റെ പരിപാടികൾ റേറ്റിങ്ങിൽ ഏറ്റവും മുന്നിൽ നിൽക്കുന്നു




ഗുജറാത്തിൽ (Gujarat) ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഇസുദൻ ഗ‍ദ‍്‍വിയെ (Isudan Gadhvi) അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചു. ഇത് പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയല്ല, ഗുജറാത്തിൻെറ അടുത്ത മുഖ്യമന്ത്രിയാണ് എന്ന് അവകാശപ്പെട്ട് കൊണ്ടായിരുന്നു ഡൽഹി മുഖ്യമന്ത്രിയായ കെജ്രിവാളിൻെറ പ്രഖ്യാപനം. ഗുജറാത്തിലെ ഏറ്റവും പ്രശസ്തനായ ദൃശ്യമാധ്യമ പ്രവർത്തകരിൽ ഒരാളാണ് ഗ‍ദ‍്‍വി. അവതരണ മികവ് കൊണ്ട് അദ്ദേഹത്തിന്റെ പരിപാടികൾ റേറ്റിങ്ങിൽ ഏറ്റവും മുന്നിൽ നിൽക്കുന്നു.

വിടിവി ന്യൂസിൽ ഗ‍ദ‍്‍വി അവതരിപ്പിക്കുന്ന മഹാമൻതൻ എന്ന വാർത്താ വിശകലന പരിപാടി പ്രൈം ടൈമിൽ രാത്രി 8 മുതൽ 9 വരെയാണ് നൽകിയിരുന്നത്. പരിപാടിയുടെ ജനപ്രീതി കാരണം പിന്നീട് 9.30 വരെ നീട്ടി. “ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഈ പരിപാടിക്കുള്ളത്. ജനങ്ങൾ എനിക്ക് സ്നേഹം നൽകുന്നു. സ്റ്റുഡിയോക്ക് പുറത്ത് പരിപാടി അവതരിപ്പിക്കുമ്പോൾ ആളുകൾ ഒത്ത് ചേരുന്നു. പ്രത്യേകിച്ച് കർഷകരിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. അവർ എന്നിൽ വലിയ പ്രതീക്ഷ വെച്ച് പുലർത്തുന്നുണ്ട്,” ഗ‍ദ‍്‍വി പറഞ്ഞു. ജനങ്ങൾക്ക് പ്രത്യാശ പകരുന്ന ഒരു നായകനാണ് താനെന്ന് ഗ‍ദ‍്‍വി സ്വയം വിശേഷിപ്പിക്കുന്നുമുണ്ട്. ഞായറാഴ്ചകളിൽ ഗ‍ദ‍്‍വി അവതരിപ്പിക്കുന്ന വാർത്താധിഷ്ഠിത പരിപാടിക്കും ഏറെ കാഴ്ചക്കാരുണ്ട്.

ദ്വാരക ജില്ലയിലെ പിപാലിയ ഗ്രാമത്തിലെ സാമ്പത്തികമായി മെച്ചപ്പെട്ട ഒരു കർഷക കുടുംബത്തിൽ നിന്നാണ് 40കാരനായ ഗ‍ദ‍്‍വിയുടെ വരവ്. സ‍‍ർ നെയിം സൂചിപ്പിക്കുന്നത് പോലെ ഗുജറാത്തിലെ ഒബിസി വിഭാഗമായ ഗ‍ദ‍്‍വി വിഭാഗത്തിലാണ് അദ്ദേഹം ഉൾപ്പെടുന്നത്. ഗുജറാത്തിലെ ജനസംഖ്യയുടെ 48 ശതമാനം ഒബിസികളാണ്. ഗ‍ദ‍്‍വിയുടെ സ്വന്തം നിലയിലുള്ള ജനപ്രീതിയും ഒപ്പം വളരെ മികച്ച പ്രതിച്ഛായയും കാരണമാണ് എഎപി ഗുജറാത്തിൽ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നത്.

ഖംബലിയ, ജാംനഗർ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നാണ് ഗ‍ദ‍്‍വി വിദ്യാഭ്യാസം നേടിയിട്ടുള്ളത്. കൊമേഴ്‌സ് ബിരുദധാരിയായ അദ്ദേഹം 2005-ൽ അഹമ്മദാബാദിലെ ഗുജറാത്ത് വിദ്യാപീഠത്തിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേ‍ർണലിസത്തിൽ ബിരുദാനന്തര ബിരുദവും നേടി. ട്രെയിനി ജേ‍ർണലിസ്റ്റായി മാധ്യമ പ്രവ‍ർത്തനം തുടങ്ങിയ അദ്ദേഹം 32ാം വയസ്സിൽ വിടിവി ന്യൂസിന്റെ എഡിറ്റർ സ്ഥാനത്തെത്തി. സാധാരണ മനുഷ്യരുടെ പ്രശ്നങ്ങളിലേക്കാണ് അദ്ദേഹത്തിന്റെ പരിപാടികൾ ഊന്നൽ നൽകിയത്. സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആ പരിപാടികൾ പരിശ്രമിച്ചു. കോവിഡ് 19 കാലത്ത് ഗ‍ദ‍്‍വിയുടെ പരിപാടികൾ വലിയ ജനപ്രതീ നേടി.

“ആളുകൾക്ക് വേണ്ടി സംസാരിച്ചാൽ മാത്രം പോരെന്ന് ഒരു ഘട്ടത്തിൽ ഞാൻ മനസ്സിലാക്കി. ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്ത് കാണിക്കണമെന്ന തോന്നൽ ഉണ്ടാവുന്നത് അപ്പോഴാണ്. കോവിഡ് 19 വന്ന സമയത്ത് അമ്മയെ ശുശ്രൂഷിച്ചത് ഞാനാണ്. അതിന് ശേഷം എനിക്കും രോഗം വന്നു. ഈ സമയത്തെല്ലാം ആളുകൾ എന്നെ നിരന്തരം വിളിക്കുന്നുണ്ടായിരുന്നു. രോഗം മാറി തിരിച്ച് വന്ന ശേഷം ആശുപത്രികളിലെ കോവിഡ് രോഗികളുടെ ദുരിതത്തെപ്പറ്റി ഞാൻ വാർത്തകൾ ചെയ്തു. അവരുടെ ദുരിതം നേരിട്ട് കണ്ടത് ജീവിതത്തിലെ വഴിത്തിരിവായിരുന്നു,” ഗ‍ദ‍്‍വി പറഞ്ഞു.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഡിസംബർ 1 നും ഡിസംബർ 5 നും രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യാഴാഴ്ച പ്രഖ്യാപിച്ചു. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഡിസംബർ 8 ന് ആയിരിക്കും.

Courtesy : Online


Comments