നേരിട്ടോ അല്ലാതയോ കത്തില്‍ ഒപ്പിട്ടിട്ടില്ല, ഉറവിടം കണ്ടെത്തണം; വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആര്യാ രാജേന്ദ്രന്‍

 



തിരുവനന്തപുരം കോർപറേഷനില്‍ താൽക്കാലിക ഒഴിവുകളില്‍ ആളെ നിയമിക്കുന്നതിന് സിപിഎം ജില്ലാ സെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ച് കത്തെഴുതിയെന്ന വിവാദത്തില്‍ പ്രതികരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍. നേരിട്ടോ അല്ലാതെയോ കത്തിൽ ഒപ്പിട്ടിട്ടില്ല. കത്തിന്റെ ഉറവിടം അന്വേഷിച്ച് കണ്ടെത്തണം, ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്... ഇത്തരം കത്ത് നൽകുന്ന രീതി സിപ‌ിഎമ്മിൽ ഇല്ല. വേറെ ആരെങ്കിലും  ബോധപൂർവ്വം ശ്രമം നടത്തിയതാണോ എന്നും അന്വേഷിക്കണം. ഓഫീസിലുള്ളവരെ സംശയിക്കുന്നില്ലെന്നും മേയർ പറഞ്ഞു.


കത്ത് ഷെയർ ചെയ്ത സംഭവം പാർട്ടി അന്വേഷിക്കണം. ഈ വിഷയത്തില്‍ ഒളിച്ചുകളിക്കേണ്ട ആവശ്യം തനിക്കില്ല. വിഷയം അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും മേയർ പറഞ്ഞു.ആദ്യം മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി പരാതി നൽകിയ ശേഷമാണ് മേയർ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടത്. അതിന് മുൻപ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ ആര്യ രാജേന്ദ്രൻ ജില്ലാ സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തി.


അതേസമയം, വിഷയത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തെത്തി. കത്ത് നല്‍കിയിട്ടില്ലെന്ന് മേയര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആ കത്ത് എങ്ങനെയാണ് രൂപപ്പെട്ടത് എന്നത് സംബന്ധിച്ച് നിയമപരമായ നിലപാട് സ്വീകരിക്കുമെന്ന് അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതില്‍ ഇടപെടേണ്ട കാര്യമില്ലെന്ന് എം വി ഗോവിന്ദന്‍ വാർത്താസമ്മേളനത്തിൽ‌ പറഞ്ഞു.


Courtesy :Online

Comments